Friday, March 02, 2018

ഫറാഇള് സോഫ്റ്റ്‍വെയര്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യം

ആധുനിക ലോകം നേരിടുന്ന പ്രശ്നകലുശിതമായ വിഷയങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സ്വത്ത് തര്‍ക്കം. അവലംബയോഗ്യനായ ഒരു ഇടയാളന്റെ അഭാവമോ, കാര്യങ്ങളെ വ്യക്തമായി കൈകാര്യം ചെയ്യാനുള്ള അക്ഷമതയോ അങ്ങനെ പല കാരണങ്ങളാലും സ്വത്ത് വിഹിതം പലപ്പോഴും പരാജയത്തില്‍ കലാശിക്കുകയാണ് ഇന്നത്തെ പതിവ്. തുടര്‍ന്നങ്ങോട്ട് അസ്വാരസ്യങ്ങളുടെ ചിത്രങ്ങളാണ് നമുക്ക് കാണാന്‍ കഴിയുക.
ഇസ്‍ലാമില്‍, മറ്റെല്ലാത്തിനെയും പോലെ സ്വത്ത് വിഹിതം വെക്കുന്നതിലും, കൃത്യവും വ്യക്തവുമായ നിയമാവലികള്‍ ഉണ്ട്. മഹാന്‍മാരായ ഫുഖഹാക്കള്‍ നമുക്കത് വ്യക്തമാക്കിത്തന്നതുമാണ്. എന്നിരിക്കെ മുസ്‍ലിമീങ്ങള്‍ അതനുസരിച്ചാണ് സ്വത്ത് വിഹിതം വെക്കേണ്ടത് എന്ന് വ്യക്തമാണ്. ദീനീ നിയമപ്രകാരം (ഫറാഇള്) സ്വത്ത് വിഹിതം വെക്കുന്നതിന് ദീനില്‍ വളരെ പ്രാധാന്യവും പരിഗണനയുമുണ്ട്. ഖിയാമത്ത് നാളിനോടനുബന്ധിച്ച് ആദ്യമായി ഉയര്‍ത്തപ്പെടുന്ന ഇല്‍മില്‍പ്പെട്ട ഒന്നായി ഫറാഇളിനെ നബി (സ്വ) തങ്ങള്‍ എണ്ണിയത് ഈ പ്രാധാന്യത്തെയും ഗൗരവത്തെയും നമുക്ക് മനസ്സിലാക്കിത്തരുന്നതാണ്.
എന്നാല്‍ തദ്‍വിഷയകമായി ആഴത്തിലുള്ള ജ്ഞാനവും, കാര്യങ്ങളെ യഥാവിധി കൈകാര്യം ചെയ്യാനുള്ള മുന്നറിവും, സങ്കീര്‍ണ്ണതകളെ ഉള്‍ക്കൊള്ളാനും നിയന്ത്രിക്കാനുമുള്ള കുശാഗ്ര ബുദ്ധിയുമുള്ള ഒരു പണ്ഡിതന്റെ സഹായമില്ലാതെ സാധാരണക്കാര്‍ക്ക് ഫറാഇള് അടിസ്ഥാനമാക്കി കൃത്യമായ സ്വത്ത് വിഹിതക്കണക്കുകള്‍ കണ്ടെത്തുക അസാദ്ധ്യമാണ് എന്നു തന്നെ പറയാം. ഇങ്ങനെയൊരു പണ്ഡിതനെ ആവശ്യാനുസൃതം ലഭിക്കുകയെന്നതാവട്ടെ കൂടുതല്‍ പ്രയാസജനകവുമാണ്. ഇതല്ലാം അതിജീവിക്കുകയെന്ന വലിയ കടമ്പയാ​ണ് പൊതുമുസ്‍ലിം സമൂഹത്തിന് മുമ്പില്‍ അനന്തരാവകാശ നിയമങ്ങള്‍ പിന്‍പറ്റുമ്പോള്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നത്.
ഇത്തരം പ്രയാസമുഖരിതമായ സാഹചര്യങ്ങളെയൊക്കെ ആതിജീവിക്കാന്‍ ഏതു സാധാരണക്കാരനും കഴിയും വിധം, ഇസ്‍ലാം നിശ്കര്‍ഷിക്കുന്ന അനന്തര വിഹിതങ്ങളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ ഉണ്ടായിരിക്കുകയെന്നത് വളരെ കാലോചിതമാണ്. ഇസ്‍ലാമിക കര്‍മ്മശാസ്ത്രത്തില്‍ പ്രാവീണ്യമുള്ള ആലിമീങ്ങളില്‍ ഒരാളായ ബഹുഃ ഡോഃ മുസ്തഫ ദാരിമി നിസാമി (കരിപ്പൂര്‍) ഉസ്താദവര്‍കള്‍ വിജ്ഞാന വിസ്ഫോടനത്തിന്‍റെ ഈ വിഹായുസ്സില്‍ അതുല്യമായ തന്റെ വൈദഗ്ദ്ധ്യം കൊണ്ടും അശ്രാന്ധമായ പരിശ്രമങ്ങള്‍ കൊണ്ടും ഇത്തരം ഒരു ഫറാഇള് സോഫ്റ്റ്‍വെയറിന് രുപം നല്‍കുകയും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് പൂര്‍ത്തീകരിച്ച് നമുക്ക് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തുവെന്നത് വളരെ പ്രശംസനാര്‍ഹവും സന്തോഷ ദായകവുമാണ്.
ഇപ്പോള്‍ കുറ്റിക്കാട്ടൂര്‍ ജാമിഅഃ യമാനിയ്യഃയില്‍ പ്രൊഫസറായി തന്റെ സേവന സാന്നിദ്ധ്യം നല്‍കിക്കൊണ്ടിരിക്കുന്ന അദ്ദേഹം ഒരു ദീനീപണ്ഡിതന്‍ എന്നതോടൊപ്പം ഗോളശാത്രം (Astronomy), അസ്മാഅ് തല്‍സ്വമാത്ത്, സ്ഥാന നിര്‍ണ്ണയം, ഖിബ്‍ല ദിശ നിര്‍ണ്ണയം, നിസ്കാര സമയ നിര്‍ണ്ണയം, ഗ്രന്ഥ രചന എന്നിവയിലും തന്റെ പ്രാഗദ്ഭ്യം തെളിയിച്ച വ്യക്തിത്വമാണ് എന്നത് വളരെ ശ്രദ്ധേയമാണ്. അദ്ദേഹം പുറത്തിറക്കിയ "AL-MINHAJ" എന്ന ഈ ഫറാഇള് സോഫ്റ്റ്‍വെയര്‍ ആലിമീങ്ങള്‍ക്കും മുതഅല്ലിമീങ്ങള്‍ക്കും സാധാരണക്കാര്‍ക്കും എന്നും ഒരു മുതല്‍ കൂട്ടാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് ഒരു സ്വാലിഹായ കര്‍മ്മമായി അദ്ദേഹത്തില്‍ നിന്ന് അല്ലാഹു സ്വീകരിക്കുന്നതോടൊപ്പം ദീനിന്നും നമുക്കും വേണ്ടി ഇനിയും ഇത്തരം സേവനങ്ങള്‍ തുടരുവാനുള്ള ദീര്‍ഘായുസ്സും ആഫിയത്തും തൗഫീഖും നാഥന്‍ അദ്ദേഹത്തിന് നല്‍കട്ടെ. ആമീന്‍.

സോഫ്റ്റ്‍വെയറിന്റെ പ്രത്യേകതകളില്‍ ചിലത്

  • ആര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും വിധമാണ് സോഫ്റ്റ്‍വെയറിന്റെ ക്രമീകരണം.
  • വളരെ കൃത്യമായ വിഹിതക്കണക്കുകള്‍ അപ്പപ്പോള്‍ തന്നെ ലഭിക്കുന്നു.
  • കണക്കുകളോടൊപ്പം അവയുടെ ശതമാനവും അറിയാന്‍ കഴിയുന്നു.
  • യഥേഷ്ടം ഇംഗ്ലീഷ്, മലയാളം, അറബി എന്നീ ഭാഷകളില്‍ ഏതും തെരെഞ്ഞടുക്കാന്‍ കഴിയുന്നു.

Read more…